Wednesday, 27 November 2013

ഒരു തിരിച്ചറിവ്

നിറഞ്ഞ സ്നേഹവുമായി
നിഴലായി ഞാൻ
പിന്നാലെ നടന്നിട്ടും അവൾ   കണ്ടില്ലെന്നു നടിച്ചു
ഒടുവിൽ എപ്പോഴോ തിരിഞ്ഞു നോക്കിയപ്പോഴാണ്
എന്നെ പിന്തുടരുന്ന സ്നേഹത്തിന്റെ നിഴലിനെ ഞാൻ കണ്ടത് ...

എന്തൊക്കെയോ നേടി എടുക്കാനുള്ള
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ
ഒരു തിരിഞ്ഞുനോട്ടം നല്ലതാണ്
ഒരുപക്ഷെ അതിലൂടെ കിട്ടുന്നത്
പുതിയ തിരിച്ചറിവുകൾ ആയിരിക്കും ..

Tuesday, 26 November 2013

മാനം

കാശു വാങ്ങി
മാനം വിറ്റു ജീവിക്കുന്നതുകൊണ്ടു
അവളെ വേശ്യ എന്നാണ് വിളിക്കാറ്

കിട്ടുന്ന തുക തുച്ചമാനെങ്കിലും
ഇനി അല്ല ഭീമമായ തുകയാനെങ്കിലും
അവളെ പ്രപിക്കുന്നവൻ
കാശിനു ഒപ്പം നല്കുന്ന വിലയില്ലാത്ത
ഒന്നാണ് അവൾക്കു ആണിന്റെ മാനം

എന്തെ അതിനു വിലയില്ലാതെ പോയി
എന്നവൾ ചിന്തിച്ചിട്ടുണ്ടാകം
ആണിന്  മാനം നഷ്ടപെടുത്തിയാലും ജീവിക്കാം
അതിനു വേണ്ടി ആരും മുറവിളി കൂട്ടില്ല
ആരും ചർച്ച ചെയ്യില്ല
അതിനു വേണ്ടി ആരും കഥയും കവിതയും എഴുതില്ല
ഇങ്ങനെ ആരാലും ശ്രദ്ധിക്കപെടാത്തത്  കൊണ്ടാകാം
അതിനു വിലയില്ലാത്തത് ...

മാനം നഷ്ടപെടുത്തി ജീവിക്കുന്നവനെ
ഇടക്കെങ്കിലും ചോദ്യം ചെയുന്നത് ഒരു സ്ത്രീ ആയിരിക്കും
അത് അമ്മയാകാം, കൂട്ടുകാരിയകാം,ഭാര്യ ആകാം .....


ആണിനും പെണ്ണിനും ഒരുപോലെ
വിലപെട്ടതാണ് മാനം .....

Thursday, 21 November 2013

മറഞ്ഞുപോയ വസന്തകാലം

ആറന്മുളയെ സംരക്ഷിക്കുന്നതിനു വേണ്ടിയും മലയോര മേഖലയെ രക്ഷിക്കുന്നതിനു വേണ്ടിയും മാത്രം കൃഷിക്കാരനെ ഓർക്കാതെ കൂടുതൽ ആളുകൾ കൃഷിയിലേക്ക് വരുകയാണെങ്കിൽ ഈ നാട്ടിൽ ഒരുപാടു മാറ്റം വരുത്താൻ സാധിക്കും....ഒരുപക്ഷെ നമ്മൾ സ്വപ്നം കാണുന്ന ഒരു നാട് ആയിരിക്കും നമുക്ക് കിട്ടുക ....

  ആലപ്പുഴയിൽ കനാൽ തീരത്ത് നില്ക്കുന്ന മരങ്ങൾ മുറിക്കാൻ വനംവകുപ്പ് അനുവാദം നല്കി എന്നൊരു പത്രവാർത്ത ഇന്ന് വായിക്കുകഉണ്ടായി....ദേശാടനപക്ഷികൾ ഉൾപ്പടെ ഒരുപാടു പക്ഷികൾക്ക് കൂട് നഷ്ടപെടുന്നു ...അതും ഒരു പ്രശ്നമാണ് ...മനുഷ്യന് വേണ്ടി ചുറ്റുപാടുകളിൽ മാറ്റം വരുത്തുമ്പോൾ കോട്ടം തട്ടുന്നത് പരിസ്ഥിതിക്കാണ്   ....

ഒരു മരം മുറിക്കുമ്പോൾ രണ്ടു മരം നടാനും, ഉള്ള പറമ്പിൽ പത്തു മൂട് കപ്പയെങ്കിലും വെക്കാനും നമ്മൾ മനസ്സ് കാണിച്ചാൽ ഒരു വിധം ഭൂമാഫിയയെ ഒക്കെ നമുക്ക് തുരുത്താൻ കഴിയും ....

തണലേകാൻ മരങ്ങളും ,നീന്തികുളിക്കാൻ പുഴകളും ,കേട്ട് ഉണരാൻ കിളികളുടെ കാകളവും  ഇല്ലെങ്കിൽ നാം ഭൂമിയിൽ ആണ് ജീവിക്കുന്നത് എന്ന് പറയുന്നതിൽ എന്ത് അർഥം ..

Friday, 15 November 2013

മരണമില്ലാത്ത നടൻ

സംഘടനം  എന്ന വാക്ക് പേരിനു വേണ്ടി  മാത്രം ഉപയോഗിച്ച് അല്ലറ ചില്ലറ തല്ലു പരിപാടികളുമോക്കെയായി  മലയാള സിനിമ അങ്ങനെ യാത്ര തുടരുമ്പോൾ 1974 ൽ ശാപമോക്ഷം എന്ന സിനിമയിലൂടെ ആണ് അയാളുടെ വരവ് ...കൃഷ്ണൻ നായർ എന്നായിരുന്നു അയാളുടെ പേര് ...പക്ഷെ സിനിമാലോകം അയാളെ സ്നേഹത്തോടെ ജയൻ എന്ന് വിളിച്ചു ...സാഹസികതയ്ക്കു പരിയായമായി മലയാള സിനിമ കണ്ടെത്തിയ നടൻ   ജയൻ  ...ചെറിയ വില്ലൻ വേഷത്തിലൂടെ പ്രധാന വില്ലനിലേക്കും, അവിടെ നിന്നും ഉപനായക വേഷവും പിന്നീടു നായക വേഷവും കെട്ടിയാടിയ ഈ മഹാ നടൻ കോളിളക്കം എന്ന സിനിമയിലെ ഹെലികോപ്ടർ സീൻ എടുക്കുമ്പോൾ ഉണ്ടായ അപകടത്തിൽ മരണപെട്ടപ്പോൾ മലയാള സിനിമയ്ക്കു ഉണ്ടായ നഷ്ടം ചെറുതല്ല ....ഉറച്ച ശരീരവും നല്ല വസ്ത്രധാരണവും ഒക്കെ പുരഷ്വതതിന്റെ പ്രതീകമാണ്‌ എന്ന് മലയാളിയെ പഠിപ്പിച്ചത് ജയൻ ആയിരുന്നു ...കോളിളക്കത്തിലെ    മരണകാരണമായ ആ സീനിലെ തന്റെ പ്രകടനത്തിൽ അസംതൃപ്തി തോനിയ ജയൻ റീടേക്ക് ആവശ്യപെടുകയായിരുന്നു...കഥാപാത്രത്തോട് അത്രെയേറെ നീതി പുലര്തിയ ആ മഹാനടാൻ 1980 നവംബർ 16 നു മരണപെട്ടപ്പോൾ നമുക്ക് നഷ്ടപെട്ടത് അഭിനയ തികവും സാഹസികതയും നിറഞ്ഞ ഒരുപിടി കഥാപാത്രങ്ങളെ ആണ് ....

33 വർഷങ്ങൾക്കു ഇപ്പറവും ഒരു കോട്ടവും തട്ടാത്ത ഓർമകളുമായി ജയൻ ജീവിക്കുന്നു മലയാളിയുടെ മനസ്സിൽ .....

ജനാധിപത്യം

സഹനസമരം കൊണ്ട് ഗാന്ധിജിയും കൂട്ടരും
ഈ നാട്ടിൽ നിന്ന് ഓടിച്ചു വിട്ടവരെ
ഗാന്ധിത്തല കൊണ്ട് ആർഭാടങ്ങൾ ഒരുക്കി
തിരിച്ചു വിളിച്ചു സ്വീകരിച്ചതാണെന്റെ
നാടിന്റെ ജനാധിപത്യം

അവനവന്റെ ആവശ്യങ്ങൾക്ക് വേണ്ടി
അധികാരദുർവിനിയോഗം നടത്തി
ഒരു ജനതയെ ബുധിമുട്ടിക്കുമ്പോഴും
ഞങ്ങൾ പറയും
"ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക്‌ വേണ്ടി "
അതാണ് ഞങ്ങളുടെ ജനാധിപത്യം

കാവൽപടയുടെയും അംഗരക്ഷകന്മാരുടെയും
തണലിൽ ജനങ്ങളുമായി സംവദിക്കുംബൊഴും
ജനകീയൻ എന്നാണ് വിളിപ്പേര് 
അതാണെന്റെ നാടിന്റെ  ജനാധിപത്യം

ഇതൊക്കെ ഇങ്ങനെ എവിടെയും പറയാൻ കഴിയുന്നതും
ഒരു ജനാധിപത്യമാണ്  ....

നൊസ്റ്റാൾജിയ

പോയകാലത്തെ സൌഹൃദവും പ്രണയവും
എനിക്ക് സമ്മാനിച്ച
സന്തോഷങ്ങളെ ,ദുഖങ്ങളെ
സഹനത്തെ ,ദേഷ്യത്തെ
നേട്ടങ്ങളെ , നഷ്ടങ്ങളെ ഒക്കെ
ഞാൻ ഒറ്റവാക്കിൽ കുരുക്കിയിടുന്നു
നൊസ്റ്റാൾജിയ എന്ന വാക്കിൽ .......
പറയുമ്പോൾ എനിക്കും സുഖം
കേൾക്കുമ്പോൾ നിങ്ങൾക്കും...

Thursday, 14 November 2013

ശിശുദിനം

കാലിൽ മുള്ള് കൊണ്ടപ്പോൾ
മറിഞ്ഞു വീണു മേല് മുറിഞ്ഞപ്പോൾ
പുസ്തകം ചുമന്നു സ്‌കൂളിൽ പോയപ്പോൾ
ടീച്ചറിന്റെ തല്ലു പേടിച്ചു
പനി ആണെന്ന് കള്ളം പറഞ്ഞപ്പോൾ
ഒക്കെ തോന്നി വളരണമെന്ന് ...
വളർന്നപ്പോൾ അറിഞ്ഞു
മുറിഞ്ഞ കാൽമുട്ടുകൾക്കും, ടീച്ചറിന്റെ തല്ലിനും
മുറിവേറ്റ മനസ്സോളം വേദന ഇല്ലെന്നു ...

വളരാൻ തോനിയത് ബാല്യത്തിൽ
വളർന്നപ്പോൾ തിരിച്ചു പോകാൻ തോനിയതും ബാല്യത്തിലേക്ക് .....
എല്ലാവർക്കും ശിശുദിനാശംസകൾ .....


സച്ചിൻ

ആദ്യം ഒരു ചെരുപ്പും പിന്നെ പെയ്പ്പേർ ചുരുട്ടി കെട്ടിയ ഒരു പന്തും ...അതിലാണ് കളി തുടങ്ങുന്നത് ..പിന്നീടു ചെരുപ്പ് മാറി ഓല മടലിൽ നിന്നും ഉണ്ടാക്കിയ ബാറ്റ് ആയി...പെയ്പ്പെരിനു പകരം റബ്ബർ ബോൾ ആയി ....പിന്നീടു ബാറ്റും ബോളും മാറി മാറി വന്നു...പക്ഷെ ആ ബാല്യം മുതൽ ഇന്ന് വരെ ...അല്ല ഇനി എന്നും ക്രിക്കെറ്റ് എന്ന് പറഞ്ഞാൽ മനസ്സിലേക്ക് ഓടി എത്തുന്ന മുഖം ആ ദൈവത്തിന്റെത് ആയിരുന്നു ...ലോകം ആ ദൈവത്തെ സച്ചിൻ ട്ടെണ്ടുല്കർ എന്ന് വിളിച്ചു ...സച്ചിന് മുൻപും ശേഷവും കളിക്കാർ ഒരുപാടു ഉണ്ടായി ....പക്ഷെ ക്രിക്കെറ്റ് എന്ന കളിയെ മൊത്തമായി പത്താം നമ്പർ ജെര്സിയിൽ പിടിച്ചു നിർത്തി അയാൾ സൗമ്യമായി പുഞ്ചിരിച്ചപ്പോൾ ക്രിക്കറ്റിനെ ഇഷ്ടപെടുന്ന ആർക്കും അത് കണ്ടില്ല എന്ന് നടിക്കാൻ ആയില്ല... ക്രിക്കറ്റ് കളി നടക്കുമ്പോൾ ടിവിക്ക് മുൻപിലൂടെ നടന്നു പോകുന്നവർ സച്ചിൻ ആണ് കളിക്കുന്നത് എന്നറിഞ്ഞാൽ കുറച്ചു നേരം എങ്കിലും കളി കണ്ടിരിക്കും ...ഇങ്ങനെ, ഒരു കളിക്കാരനും നേടി എടുക്കാൻ കഴിയാത്ത, ആരാധകന്റെ മനസ്സിലെ ചെറിയ ചെറിയ വലിയ അന്ഗീകാരങ്ങൾ സച്ചിന് മാത്രം സ്വന്തം ....മുംബൈ വാങ്കടെ സ്റെടിയത്തിൽ ഇരുനൂറാമത്തെ ടെസ്റ്റും കളിച്ചു ക്രിക്കറ്റിന്റെ ദൈവം തിരിഞ്ഞു നടക്കുമ്പോൾ ലോകം മുഴുവൻ നിശബ്ദമായി വേദനിക്കുന്നു ....

പറയാൻ ഒന്ന് മാത്രം ....
ഇതിനു മുൻപ് ഇല്ല 
ഇനി ഉണ്ടാവുകയും ഇല്ല 
സച്ചിൻ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം .....

Tuesday, 12 November 2013

മുഖപുസ്തകം

എന്റെ കയ്യിൽ ഒരു ആയുധം ഉണ്ട്
സമൂഹത്തിലെ  ഏതു നെറികേടിനെതിരെയും
 പ്രതികരിക്കാൻ ഉള്ള ആയുധം
വിധവയുടെ കണ്ണീരു ഒപ്പാനും
അനാഥന്റെ വേദന മാറ്റാനും
പട്ടിണി ഇല്ലാതാക്കാനും ഉള്ള ആയുധം
ഒപ്പം സൗഹൃദങ്ങൾ നേടാം
സഹധർമിനിയെ തേടാം
ചിലപ്പോഴൊക്കെ രതിസുഖത്തിന്റെ
പുതിയ മേച്ചിൽപുറങ്ങൾ  തേടാം
കലയുടെ പുതിയ പാഠങ്ങളും
കാപട്യത്തിന്റെ പല മുഖങ്ങളും  കാണാം
ദൂരത്തിരുന്നും ഒരുപാടു അടുക്കാം
ഇത് ഒന്നിനും എനിക്ക്
എങ്ങോട്ടും പോകണ്ട
ഈ ആയുധം എന്റെ
വിരൽതുമ്പിൽ ഉണ്ട്
അതിന്റെ പേരാണ് മുഖപുസ്തകം
ഓ അങ്ങനെ പറഞ്ഞാൽ അറിയില്ല
facebook  എന്ന് പറയണം  

സ്നേഹത്തിന്റെ ചില്ല

ഒരിക്കലും സംഭവിക്കാത്ത ഒരു പ്രണയത്തിനും
സ്നേഹം തിരിച്ചറിയാത്ത ഒരു കാമുകിക്കും വേണ്ടി
എഴുതി തീർന്നു പോയ ഒരു തൂലിക എന്റെ പക്കലുണ്ട്
ഒരിക്കലും നടക്കാത്ത സുന്ദരമായ കുറെ സ്വപ്നങ്ങളെ
വർണിച്ചു വർണിച്ചു തീർന്നു പോയതാണ് ആ മഷി
തൂലികയിൽ നിറച്ച പുതിയ മഷി കൊണ്ട്
ഇനി കുറച്ചു സുന്ദരമായ യാഥാർത്ഥ്യങ്ങളെ
കുറിച്ച് എഴുതാം
പ്രണയത്തെകാൾ സുന്ദരമായ സൗഹൃദങ്ങളെ കുറിച്ച്...
ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞിട്ടും അത് കേൾക്കാതെ പോയവളെ പോലെയല്ല
ഇഷ്ടമാണ് എന്ന്  പറയാതെ തന്നെ
പരസ്പരം ഒരുപാടു സ്നേഹിച്ചവർ
വിഷമാണ് എന്ന് സമൂഹം പറഞ്ഞതൊക്കെ
ഒരേ മനസ്സോടെ പങ്കിട്ടവർ
എന്റെ വേദനകളിൽ കരഞ്ഞവർ അല്ല
എന്നെ വേദനിപ്പിച്ചവരെ കരയിച്ചവർ
എന്നെ കളിയാക്കി ചിരിച്ചു
എന്നെയും ചിരിപ്പിച്ചവർ
ഏതു പ്രതിസന്ധിയിലും എനിക്ക് ധൈര്യം പകർന്നവർ
എന്നും കാണാറില്ല വിളിക്കാറില്ല
പക്ഷെ ഒരിക്കലും പരാതികളില്ല ...

എന്നിട്ടും അവരെ കാണാതെ
അവരുടെ സ്നേഹം കാണാതെ
അവൾക്കു വേണ്ടി ജീവിച്ചു ..
പക്ഷെ നിറഞ്ഞ സ്നേഹവുമായി
അവർ ഇപ്പോഴും എന്റെ  കൂടെ ഉണ്ട് ...

ഇരുട്ട് മൂടിയ പ്രണയത്തിന്റെ പാതയിൽ
തനിച്ചു നിന്നപ്പോൾ
വെളിച്ചം പകർന്ന സൗഹൃദത്തിന്റെ പാതയിൽ
യാത്ര തുടരുന്നു ....

അടരുന്നു സഖി നിന് ഹൃദയത്തിൽ നിന്ന്
ചേരുന്നു തോഴന്റെ തണലിലേക്ക്‌ ഇനി ഞാൻ ...

Sunday, 10 November 2013

സൗമ്യയെ മറന്നു ,,,ചാമിയെ കണ്ടാൽ അറിയാതായി ....

2011 ഫെബ്രുവരി 1 നു എറണാകുളം ഷൊർണൂർ പാസ്സഞ്ചർ ട്രെയിനിൽ വെച്ച്  അതി ദാരുണമായി പീഡിപ്പിച്ചു കൊന്ന സൗമ്യ (23) എന്ന പെണ്‍കുട്ടിയെ നിങ്ങൾ മറന്നോ ?ഈ സംഭവം നടന്ന സമയത്ത് നമ്മൾ ഒരുപാടു വിലപിക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും  ചെയിതിരുന്നു.ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത തമിഴ്നാടിലെ കുടല്ലൂരുകാരൻ ഗോവിന്ധചാമി (33) കുറ്റം സമ്മതിക്കുകയും തുടർന്ന് ഉള്ള വിചാരണയിൽ ഇയല്ക്ക് 1 ലക്ഷം രൂപ പിഴയും ക്യാപിറ്റൽ  പനിഷ്മെന്ടും വിധിക്കുകയുണ്ടായി ...ഇപ്പോഴും ജയിലിൽ ഗോവിന്ധചാമി സുഖവാസത്തിലാണ് ...

നമ്മുടെ ചിന്തകളിലും പ്രവർത്തികളിലും രാഷ്ട്രീയവും മതവുമൊക്കെ കടന്നു കയറിയ നാൾ മുതലുള്ള നമ്മുടെ ഒരു പ്രധിഷേധങ്ങൾക്കും ഒരു തീർപ്പും ഉണ്ടായിട്ടില്ല എന്ന വസ്തുതയാണ് നാം ആദ്യം  മനസിലാക്കേണ്ടത് ...ഇന്നത്തെ ഒരു കാലത്തായിരുന്നു നാം സ്വാതന്ത്ര്യ സമരം നടത്തിയത് എങ്കിൽ ഒരിക്കലും നമ്മള്ക്ക് അത് കിട്ടില്ലായിരുന്നു എന്നാണ് എനിക്ക് തോനുന്നത് ...ഓരോ സംഭവത്തിലും പ്രതിഷേധം അറിയിച്ചു അടുത്ത ഒരു ദുരന്തതിനായി കാത്തിരിക്കുന്ന ഒരു പ്രവണത ആണ് ഇന്ന് കണ്ടു വരുന്നത് ...സംഘടിതമായ  ചിന്തകളും പിന്നീടു ആ സംഘടനയിൽ വരുന്ന ചേരിതിരിവുകളും കാരണം  ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ നമുക്ക് കഴിയുന്നില്ല ...ഗോവിന്ധചാമി ജീവിചിരിക്കുന്നടുതോളം കാലം ഇനിയും ഒരുപാടു സൗമ്യമാരും ചാമിമാരും ഉണ്ടയികൊണ്ടേ ഇരിക്കും ...  അത് സംഭവിക്കാൻ പാടില്ല ..എത്രയും വേഗം ആ നരധമനെ തൂക്കി കൊള്ളുക ...


സൌദിയിൽ തിങ്കളാഴ്ച ശിരചേതനത്തിന്  വിധേയൻ ആകുന്ന കൊലപാതകകേസിലെ       പ്രതി തഹീന്റെ  വധശിക്ഷക്കെതിരെ ഫെയിസ്ബൂകിലും വാട്സപ്പിലും ഒക്കെ പ്രതിഷേധം എന്ന വാർത്ത‍ വായിക്കാൻ ഇടയായി ...കൊലപാതകം എന്നത് ആര് ചെയ്താലും തെറ്റല്ലേ ....സൌമ്യക്കും അക്സക്കും ഒക്കെ വേണ്ടി ആത്മാർഥമായി പ്രതികരിക്കാൻ കഴിയുന്നവർക്ക് തഹീന് വേണ്ടി പ്രതിഷേധിക്കാൻ കഴിയില്ല ...

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടാൻ പാടില്ല എന്ന നിയമം നടപ്പിലാക്കുന്നത് കാരണം രക്ഷപെട്ട കുറ്റവാളികളും ശിക്ഷിക്കപെട്ട നിരപരാധികളും ഒരുപാടാണ്‌ ..ഈ നിയമം തിരുത്തി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോനുന്നു ....

Friday, 8 November 2013

ഇതൊരു കഥ ഒന്നുമല്ല ....

ആദ്യം കണ്ടപ്പോഴേ എന്തോ ഒരു ഇഷ്ടം അവനു അവളോട്‌ തോന്നി ...പക്ഷെ പെണ്‍കുട്ടികളുടെ കാര്യം അറിയാമല്ലോ ..ഒരു ആണ്‍കുട്ടി ശ്രദ്ധിക്കുന്നു എന്നറിഞ്ഞാൽ പിന്നെ ഒടുക്കത്തെ ജാട ആണ് ...ആ ജാട തന്നെ അവളും കാണിച്ചു ....പക്ഷെ അവൻ അത് മൈൻഡ് ചെയ്തില്ല ...എങ്ങനെയും അവളോട്‌ സംസാരിക്കുക എന്നതായിരുന്നു അവന്റെ ആദ്യത്തെ ആഗ്രഹം ...ഒടുവിൽ ഒരു ദിവസം അവൻ അത് സാധിച്ചു ....പക്ഷെ അധികം ഒന്നും മിണ്ടാതെ അവൾ പോയി ...അവൻ പിന്നെയും അവളെ പിന്തുടർന്നു...ഒരുപാടു നാളുകൾക്ക് ശേഷം അവൾ ആദ്യമായി അവനെ നോക്കി ചിരിച്ചു ...അപ്പോൾ അവനു സാന്റിയാഗോയുടെ വാക്കുകൾ ആണ് ഓർമ വന്നത് .."നമ്മൾ ഒരു കാര്യം നേടണം എന്ന് വിചാരിച്ചു പ്രയത്നിച്ചു കഴിഞ്ഞാൽ ഈലോകം മുഴുവൻ അതിനു വേണ്ടി നമ്മുടെ കൂടെ നില്ക്കും "....

ചിരിയിൽ നിന്ന് പിന്നീടു സംസാരത്തിലേക്ക് കടന്നു ...പതിയെ പതിയെ അവർ സുഹൃത്തുക്കൾ ആയി ...പക്ഷെ എപ്പോഴും സുഹൃത്തുക്കൾ ആയി തന്നെ ഇരിക്കാൻ അവർ ശ്രമിച്ചു ...ഒരുപക്ഷേ അതിന്റെ കാരണം അവർക്കിടയിൽ ഉള്ള പ്രണയം ആയിരിക്കാം ...ചിലപ്പോഴൊക്കെ പ്രണയം മറയ്ക്കാൻ സൗഹൃദം നല്ലതല്ലേ ???
എപ്പോഴെങ്കിലും മനസ്സ് ഒന്ന് വേദനിച്ചാൽ അവൾ ഓടി അവന്റെ അടുത്ത് എത്തും...അവന്റെ തോളിൽ തല ചായ്ച്ചു അങ്ങനെ കിടക്കുമ്പോൾ അവളുടെ എല്ലാ സങ്കടങ്ങളും മാറും...പിന്നീടു അവന്റെ അടുത്തേക്ക് ഓടി എത്താൻ അവൾ തന്നെ കാരണങ്ങൾ ഉണ്ടാക്കി...പക്ഷെ അപ്പോഴും അവർ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞു പ്രണയം തുടങ്ങിയിട്ടില്ല ....സ്നേഹം പങ്കുവെച്ചു സുഹൃത്തുക്കളായി തന്നെ തുടർന്നു ...

അങ്ങനെ അവരുടെ സ്നേഹത്തിലേക്കു സമൂഹം ഇടപെടാൻ തുടങ്ങി ...അവർ പ്രണയത്തിലാണ് എന്ന് എല്ലാവരും പറഞ്ഞു ....ജാതിയുടെയും മതത്തിന്റെയും കോമരങ്ങൾ ...വിശ്വാസത്തിന്റെ ആൾരൂപങ്ങൾ ഒക്കെ അതിൽ ഇടപെടാൻ തുടങ്ങി ..ഇതൊക്കെ ആയപ്പോൾ അവളുടെ മനസ്സ് സൗഹൃദത്തിന്റെ മറ നീക്കി തുടങ്ങി ..പക്ഷെ അവനോടുള്ള ഇഷ്ടം തുറന്നു പറയാൻ കഴിയാതെ അവളുടെ മനസ്സ് പിടഞ്ഞു ... അങ്ങനെ അവളുടെ ഈ ആകുലത അറിഞ്ഞ അവളുടെ ഒരു സുഹൃത്ത്‌ അവനെ തേടി എത്തി ...അവൾ പറഞ്ഞു .."നിന്നോടുള്ള മുടിഞ്ഞ പ്രേമം കാരണം വട്ടുപിടിച്ചു നടക്കുകയാണ് ആ പെണ്ണ് ...നീ അവളെ പറഞ്ഞു തിരുത്തണം ..അവളുടെ വീട്ടുകാരെ വേദനിപ്പിച്ചു എന്തെങ്കിലും ചെയ്താൽ അത് വലിയ കുറ്റബോധം ആകും പിന്നീടു ..."
അപ്പോൾ അവൻ പറഞ്ഞു ..."അവൾ അനുഭവിക്കുന്ന അതെ വേദന തന്നെയാണ് ഞാനും അനുഭവിക്കുന്നത് ..വീട്ടുകാരെ വേദനിപ്പിച്ചു എന്റെ ഇഷ്ടം നേടിയാൽ അത് പിന്നീടു വലിയ വേദനയാകും ..ഇപ്പോൾ വേണമെങ്കിൽ ഇഷ്ടം തുറന്നു പറഞ്ഞു പ്രണയിച്ചു നടക്കാം ..പിന്നീടു ആലോചിച്ചാൽ മതി ബാക്കി കാര്യങ്ങൾ ....പക്ഷെ ശരിക്കും  പ്രണയത്തിന്റെ തീരുമാനം എടുക്കേണ്ടത്  അത് തുറന്നു പറയുന്നതിന് മുൻപ്  ആണ്..അങ്ങനെ ഞാൻ എടുത്ത തീരുമാനം ആണ് ഇത് ..അവൾ എന്നും എന്റെ കൂട്ടുകാരി ആയി ഇരിക്കട്ടെ ..."""


അവൻ നായകൻ ഒന്നുമല്ല  ....പക്ഷെ അവന്റെ ആ തിരിച്ചറിവ് നമുക്ക് ഉണ്ടെങ്കിൽ പ്രണയം വളരെ സുന്ദരമായ ഒന്നായേനെ....ഒന്നോർക്കുക പ്രണയം വിവാഹത്തിലേക്ക് എത്തുമ്പോൾ  നിങ്ങൾക്ക് ഉണ്ടാകുന്ന  ഒന്നല്ല  അച്ഛനും അമ്മയും ജാതിയും മതവും സമൂഹവും ഒന്നും....

കല്ലും കടലും

പ്രിയപെട്ടവരുടെ പേരുകൾ
കല്ലിൽ എഴുതിവെച്ചു
ഓർമ്മകൾ സൃഷ്ടിക്കുന്ന
ഒരു ആണ്‍കുട്ടിയെ   ഞാൻ കണ്ടു

പ്രിയപെട്ടവരുടെ പേരുകൾ
മണലിൽ എഴുതി
അത് തിര മായ്ക്കുന്നത്  നോക്കിനില്ക്കുന്ന
ഒരു പെണ്‍കുട്ടിയെയും ഞാൻ കണ്ടു

ഇത് കണ്ടപ്പോൾ എനിക്ക് തോനിയത് ഇതാണ്
ആണ്‍കുട്ടികൾ പേരുകൾ എഴുതുന്നത്‌
കല്ല്‌ പോലെ ഉള്ള മനസ്സിലാണ്
അത് മായാൻ പാടാണ്
പെണ്‍കുട്ടികൾ പേരുകൾ എഴുതുന്നത്‌
കടൽക്കര പോലെയുള്ള മനസ്സിലാണ്
പുതിയ ചിന്തയുടെ തിരകൾ
ആ പേരിനെ മായിച്ചുകളഞ്ഞേക്കാം

കല്ലും കരുത്തും ആണിന്റെയും
കടലും കണ്ണിരും പെണ്ണിന്റെയും
മുഖമുദ്ര ആയിരിക്കാം ...... 

Tuesday, 5 November 2013

വിരിയാത്ത സ്വപ്‌നങ്ങൾ

പുറംതോട് പൊട്ടിച്ചു
പുറത്തേക്കു ചാടാൻ വെമ്പി നില്ക്കുന്ന
ഒരുപാടു സ്വപ്‌നങ്ങൾ ഇനിയും ഉണ്ടെന്റെ
മനസ്സിന്റെ കിളികൂട്ടിൽ

സ്നേഹം കൊണ്ട് പുറംതോട് പൊട്ടി
പുറത്തേക്കു ചാടിയ
ഒരു മകനും
ഒരു സഹോദരനും
ഒരു കൂട്ടുകാരനും
എന്നിൽ ഇപ്പോഴും ഉണ്ട് ....
ഇനി
കാമുകിയുടെ സ്നേഹത്താൽ പുറംതോട് പൊട്ടാൻ
കൊതിക്കുന്ന ഒരു പ്രണയമുണ്ട്
അത് വിരിഞ്ഞാൽ
പുറത്തേക്കു വരുന്നത് ഒരുപാടാണ്‌
ഒരു കാമുകൻ
ഒരു ഭർത്താവ്
ഒരു അച്ഛൻ  ....അങ്ങനെ അങ്ങനെ .....
എന്നിട്ടും എന്തേ കിളിയേ എന്റെ സ്വപ്നങ്ങൾക്ക് മേൽ
അടയിരിക്കാൻ നീ വരാത്തത് ....

Monday, 4 November 2013

അക്സയും ശ്വേതയും പിന്നെ താരമൂല്യവും രാഷ്ട്രീയവും

നാലാം പിറന്നാൾ പൂർത്തിയാക്കും  മുൻപേ പെറ്റമ്മയുടെ കാമുകന്റെ   പീഡനതിനിരയായി  ഒടുവിൽ കൊലചെയപെട്ട ഒരു പാവം കുഞ്ഞ് അക്സ...ദിനംപ്രതി പുതിയ വാർത്തകളെ അറിയാൻ വേണ്ടി മാത്രം പത്രം വായിക്കുകയും വാർത്ത‍ കാണുകയും ചെയുന്നവർ മറന്നു പോയിട്ടുണ്ടാകും ഈ കുട്ടിയെ ...ഇന്ന് നിങ്ങൾക്ക് പരിചയം ശ്വേത മേനോനെയും പീതാംബരകുറിപ്പിനെയും ആയിരിക്കും ....

ശ്വേതയുടെ മാന നഷ്ടതിനെതിരെ മുദ്രാവാക്യം വിളിച്ചവർക്ക് ഒക്കെ കൃത്യമായ രാഷ്ട്രീയ താല്പര്യം  ഉണ്ടായിരുന്നു ...അല്ലാതെ ഇത് നിങ്ങളുടെ പൗരബോധം  ആയിരുന്നെങ്കിൽ  നിങ്ങൾക്ക് സമരം ചെയ്തു നീതി നടപ്പാക്കാൻ പറ്റുന്ന ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ...നിങ്ങൾക്ക് ഒരാളുടെ എങ്കിലും കണ്ണീർ  ഒപ്പാൻ കഴിയുമായിരുന്നു ...അതുമല്ലെങ്കിൽ  ഇനി ഇങ്ങനെ ഒന്ന് ഇവിടെ ആവർത്തിക്കാതിരിക്കാൻ നിങ്ങൾക്ക് ശ്രമിക്കാമായിരുന്നു ...
പക്ഷെ നിങ്ങൾ ചെയുന്നത് എന്താണ് ...പുതിയ ഓരോ പ്രശ്നങ്ങളെയും രാഷ്ട്രീയമായി നോക്കികണ്ടു അത് മുതലാക്കാൻ ശ്രമിക്കുന്നു ....പുതിയ പ്രശ്നങ്ങൾക്കായി കാത്തിരിക്കുന്നു..ആ താരമൂല്യവും സ്ത്രീ എന്നുള്ള കാരണവും മുതലാക്കാൻ വേണ്ടി അല്ലെ തിരിച്ചറിവ് ഉള്ള ഒരു സ്ത്രീക്ക് വേണ്ടി നിങ്ങൾ ഇത്രയും കോലാഹലങ്ങൾ ഇവിടെ ഒപ്പിച്ചതും , തിരിച്ചറിവ് ആയിട്ടില്ലാത്ത ഒരു പെണ്‍കുഞ്ഞിനെ മറന്നതും ...പിന്നെ പീതാംബരനോട് ഒരു വാക്ക് ...മുഖ്യനെ വരെ കല്ലെറിയാൻ മടിയില്ലാത്ത, ചരിത്രത്തിനു പോലും തീ വെക്കാൻ മടിയില്ലാത്ത ഒരു തലമുറ വളർന്നു വരുന്നുണ്ട് ....

ഇനി സിനിമാക്കാരോട് ഒരു വാക്ക് ....ശ്വേതയ്ക്ക്  വേണ്ടി എങ്കിലും ഒരുമിക്കാൻ കഴിഞ്ഞല്ലോ വലിയ സിനിമ സംഘടനകാർക്ക്....കലയുടെ പെരുംതച്ചന്  മുൻപിൽ തോറ്റു പോയ ഒരു സംഘടന ശക്തിയെ നിങ്ങൾക്ക് ഉള്ളു എന്ന് മറക്കരുത് .....


NB : സൗമ്യയെ മറന്നത് പോലെ അക്സയെയും മറന്നാൽ ഇനി അടുത്ത പേര് നിങ്ങൾക്ക് വേണ്ടപെട്ടവരുടെതായേക്കാം...അത് മറക്കാൻ ചിലപ്പോൾ വേഗം  കഴിയില്ല ....അത് സംഭവിക്കാതിരിക്കട്ടെ ......