Thursday, 3 November 2016

ആണും പെണ്ണും

ഇര ഇര എന്നിങ്ങനെ നൂറാവർത്തി ഉച്ചരിച് സഹതപിക്കരുത്.അവന്മാർ ചെയ്ത ഈ കാട്ടാളത്തരം കൊണ്ട് അവർക്കു സ്ത്രീ എന്ന ഐഡന്റിറ്റി നഷ്ടമായിട്ടില്ല.അല്ലെങ്കിലും പണ്ട് തൊട്ടേ നമ്മൾ കണ്ടതും, കേട്ട് പഠിച്ചതും അങ്ങനെയാണല്ലോ,സ്ത്രീകൾ ആക്രമിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവർ ഇരകളാണ്,പിനീട്  അക്രമികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാനുള്ള വ്യഗ്രതയാണ് നമുക്ക്.അതിനടിയിൽ പേര് വെളിപ്പെടുത്താതെയും,മുഖം മറച്ചും ആ സ്ത്രീ കുറച്ചു കാലം സെൻസേഷണൽ ആകുന്നു പിന്നീട് നമ്മൾ അവരെ മറക്കുന്നു,പക്ഷെ അവർ പിന്നെയും ജീവിക്കുന്നുണ്ട്...അവർ പിന്നീട് ഏതു തരത്തിലുള്ള സമൂഹത്തിലാണ് ജീവിക്കുന്നത്,അതാണ് നമ്മൾ ചിന്തിക്കേണ്ടത്.ചാരിത്ര്യം എന്നൊന്നുണ്ടെന്നും അത് നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നീട് അവർ  ജീവിച്ചിരിക്കുന്നതിൽ തന്നെ കാര്യമില്ലായെന്നുമൊക്കെയുള്ള കിരാതനിയമങ്ങൾ ഏതു നൂറ്റാണ്ടിന്റെ സൃഷ്ടിയാണെന്നറിയില്ല,പക്ഷെ അത് കുറേകാലം നമ്മുടെ സിനിമകൾ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്,റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുക,ഞരമ്പ് മുറിക്കുക തുടങ്ങിയ സീനുകൾ  എത്രയോ നമ്മൾ കണ്ടിരിക്കുന്നു.അങ്ങനെ ആണിന് നഷ്ടപ്പെടുത്താനും അത് വഴി അവളെ മരണത്തിലേക്ക് നയിക്കാനും കഴിയുന്ന ഒന്നും സ്ത്രീയിൽ ഇല്ല,ആണും പെണ്ണും അവർ രണ്ടുപേരും രണ്ടു മനുഷ്യർ.അത് കൊണ്ട് തന്നെ അക്രമിക്കപ്പെട്ടാൽ അത് തുറന്നു പറഞ്ഞു തുടർനിയമ നടപടികൾ സ്വീകരിക്കണം,അങ്ങനെ പറയാൻ പല സ്ത്രീകളും ധൈര്യപെടാത്തത് പിന്നീട് അവരെ കാത്തിരിക്കുന്ന സമൂഹം വികൃതമായത് കൊണ്ടാണ്.അത്തരം വികൃതമായ സമൂഹം സൃഷ്ടിക്കപെടാതിരിക്കണം.വടക്കാഞ്ചേരിയിൽ വീട്ടമ്മയെ ചതിയിലൂടെ ആക്രമിച്ചത് അവരുടെ അടുത്ത സുഹൃത്തുക്കൾ തന്നെയാണ്.ആണായാലും, പെണ്ണായാലും ജീവിതത്തിൽ ചുറ്റും ചതികുഴികൾ ഉണ്ടെന്നുള്ള തിരിച്ചറിവുകൾ വേണം.വടക്കഞ്ചേരി കേസിലെ എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുക തന്നെ വേണം.പരാതി ബോധിപ്പിക്കാൻ വന്നവരുടെ സുഖവിവരം അന്വേഷിച്ച ഏമാൻ വലിയ ശിക്ഷ അർഹിക്കുന്നുണ്ട്,കാരണം അയാൾ സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ ക്യാപ്സ്യൂൾ രൂപമാണ്.തീക്കനലുകൾക്കു ചൂടാണ് എന്ന് വിളിച്ചു പറയാൻ നമുക്ക് പൊള്ളൂന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല.നമ്മളുടേതു കൂടിയാണ് ഈ ലോകം.

ഇരകൾ എന്ന് വിളിച്ചു തളർത്തരുത്,പോരാളികൾ എന്ന് വിളിച്ചു വളർത്തണം


Wednesday, 1 June 2016

സ്കൂൾ അഥവാ വിദ്യാലയം



മുറ്റത്തെ മാവിഞ്ചുവട്ടിൽ
ഇപ്പോഴും മാങ്കനികൾ അടർന്നു വീഴാറുണ്ടോ ?
ക്ലാസ് മുറികളിൽ ഇപ്പോഴും
ആ സ്നേഹത്തിന്റെ ശകാരം ഉണ്ടോ?
വരാന്തകളിൽ ഇപ്പോഴും
ആ സൗഹൃദത്തിന്റെ ചേർത്ത് പിടുത്തം ഉണ്ടോ ?
ഒഴിഞ്ഞ കോണുകളിൽ ഇപ്പോഴും
ആ പാദസ്വരകിലുക്കം ഉണ്ടോ ?
കഞ്ഞികലങ്ങളിൽ ഇപ്പോഴും
വറ്റ്  ബാക്കിയുണ്ടോ ?
കളിക്കളങ്ങളിൽ ഇപ്പോഴും
ആ ആർപ്പുവിളികൾ ഉണ്ടോ ?
കലാമത്സരങ്ങളിൽ ഇപ്പോഴും
കൂകലും വിളിയുമുണ്ടോ ?
ഇതൊന്നുമില്ലാത്ത വിദ്യാലയങ്ങളുണ്ടോ ?

Friday, 29 April 2016

മുദ്രാവാക്യങ്ങൾ

ഗർഭം പേറുന്ന ഉദരങ്ങൾക്കുള്ളിലിരുന്നു
വരുംതലമുറ ആർത്തുവിളിക്കുന്നു
ഞങ്ങൾക്ക് ഊഞ്ഞാൽ കെട്ടിയാടുവാൻ
ഒരു മരമെങ്കിലും ബാക്കി വെച്ചിടേണം
നീന്തൽ പഠിച്ചു കളിക്കുവാനായി
ഒരു പുഴയെങ്കിലും ബാക്കി കരുതിടേണം
റംസാനും ഓണവും ക്രിസ്സ്മസ്സും ഒക്കെയും
ഒരുമിച്ചു കൊണ്ടാടാൻ കഴിഞ്ഞിടെണം
വരുംകാലങ്ങളിൽ ഓർത്ത് മിഴിനിറച്ചീടുവാൻ
ഞങ്ങൾക്കും വേണം  ഗ്രഹാതുരത്വവും ഓർമകളും

Friday, 18 March 2016

വേനൽ

പ്രകൃതിയുടെ ഓർമ്മപെടുത്തലാണ് വേനൽ
മണ്ണും മരവും,
പുഴയും പാടവും,
കിളികളും ചെടികളും,
ഒന്നും ഇല്ലാത്ത നാട്
ഉഗ്രതാപത്തിന്റെതാണ് എന്ന ഓർമ്മപെടുത്തൽ
മണ്ണിൽ അലിഞ്ഞാലും
പിന്നെയും പടർന്നു കയറാൻ
നട്ടു നനയ്ക്കുക ഒരു മരമെങ്കിലും
വിറകിലെരിഞ്ഞു  ചാരമായാലും
ഒഴുകി അണയാൻ
കാത്തുസൂക്ഷിക്കുക ഒരു പുഴയെങ്കിലും
പിറവി മുതൽ മരണം വരെ
നമ്മൾ വളരുന്ന വീട് തന്നെയാണ് ഭൂമി !!

Wednesday, 27 January 2016

കല്പനയ്ക്ക് ആദരാഞ്ജലികൾ

 1966 ഒക്ടോബർ 13 നു ചവറ വി.പി,നായരുടെയും വിജയലക്ഷ്മിയുടെയും മകളായാണ് കല്പനയുടെ ജനനം.പി സുബ്രമണ്യം സംവിധാനം ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിലൂടെയാണ് കല്പന ബാലതാരമായി അരങ്ങേറ്റം കുറിച്ചത്.ജി.അരവിന്ദന് മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാർഡ്‌ വാങ്ങികൊടുത്ത പോക്കുവെയിലിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോപ്പം അഭിനയിക്കാനുള്ള ഭാഗ്യവും കല്പനയ്ക്ക് ലഭിച്ചു.ഇരട്ടി മധുരം എന്ന് പറയുന്നത് പോക്കുവെയിൽ എന്ന സിനിമയിൽ കല്പനയുടെ അച്ഛനും അമ്മയും അഭിനയിച്ചിരുന്നു എന്നതാണ്.1985 ൽ തമിഴിൽ വിജയഗാഥ രചിച്ച ചിന്നവീട് എന്ന സിനിമയിൽ ഭാഗ്യരാജിനോപ്പവും കല്പന അഭിനയിച്ചു.1989 ൽ ഇറങ്ങിയ തെലുങ്ക് സിനിമ പ്രേമയിലെ ഗീത,1990 ൽ ഇറങ്ങിയ കന്നഡ ചിത്രം ചാപല ചെനനിഗരായ ലെ രുക്കു,തമിഴിലെ സതി ലീലാവതിയിലെ ലീലാവതി ഉൾപ്പടെ ഉള്ള കഥാപാത്രങ്ങളിലൂടെ അന്യഭാഷകളിലും കല്പന തന്റെ മികവ് തെളിയിച്ചിരുന്നു.

മലയാള സിനിമയിൽ കല്പനയ്ക്ക് മാത്രം അവകാശപെട്ടിരുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ടായിരുന്നു.പഞ്ചവടിപാലത്തിലെ അനാർക്കലി,ഡോക്ടർ പശുപതിയിലെ യു.ഡി.സി കുമാരി,സ്പിരിറ്റ്‌ ലെ പങ്കജം,ഒടുവിൽ ചാർലിയിലെ മേരി വരെ എത്തി നില്കുന്ന ജീവനും തുടിപ്പും ഉള്ള കഥാപാത്രങ്ങൾ.

ജഗതി ശ്രീകുമാറിനും,ഇന്നസെന്റിനും ഒക്കെ ഒപ്പം മത്സരിച്ചു അഭിനയിച്ചു തന്റെ കഥാപാത്രത്തിന് വ്യക്തമായ ഐഡന്റിറ്റി ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞത് കല്പന എന്ന നടിയുടെ വിജയം തന്നെയാണ്.കൊച്ചമ്മമാരെ എതിർക്കുകയും വേണ്ടി വന്നാൽ കളിയാക്കുകയും ഒക്കെ ചെയ്യുന്ന വേലക്കാരിമാരെ ഒരു പക്ഷെ കല്പനയുടെ കഥാപാത്രങ്ങളിലൂടെ ആയിരിക്കും മലയാളികൾ കണ്ടു തുടങ്ങിയിട്ടുണ്ടാകുക.

സഹപ്രവർത്തകരുടെ അനുഭവകുറിപ്പുകളിൽ ഒക്കെ സ്നേഹത്തിന്റെ പര്യായം തന്നെയായിരുന്നു കല്പന.എല്ലാവരിലും പോസിറ്റീവ് എനർജി നിറക്കാൻ കഴിയുന്നത്‌ കല്പനയുടെ മാത്രം കഴിവാണ് എന്ന പലരും സാക്ഷ്യപെടുത്തുന്നു.ഉർവശിയും,കലാരഞ്ജിനിയും സഹോദരിമാർ ആണ്.സംവിധയകാൻ അനിൽ ആയിരുന്നു കല്പനയുടെ ഭർത്താവ്.ഏകമകൾ ശ്രീമയി.
2016 ജനുവരി 25 ന് ഹൈദരാബാദ് ലെ അപ്പോളോ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം കല്പന വിട വാങ്ങുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഇനിയും വരാനിരുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ്.ഏതൊരു കലാകാരിയും യാത്രയാകുന്നത് പോലെ തന്റെ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയാക്കി കല്പനയും കാലത്തിന്റെ യവനികയ്ക്ക് ഉള്ളിലേക്ക് യാത്രയായി.പ്രിയ കലാകാരി കല്പനയ്ക്ക് ആദരാഞ്ജലികൾ...

Tuesday, 19 January 2016

ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു
ഊഴിയിൽ ദാഹമേ ബാക്കി.(കവിത : നാറാണത്ത്‌ ഭ്രാന്തൻ)
രോഹിത് വെന്മൂലയ്ക്ക് ആദരാഞ്ജലികൾ...

Thursday, 14 January 2016

വിശ്വാസം അതല്ലേ എല്ലാം

സ്വന്തം വീട്ടിൽ ബീഫ് വെയ്ക്കുന്നവനെ തല്ലികൊല്ലൻ ഇറങ്ങിയവർ ഇന്ന് പറയുന്നു അവരുടെ ആരാധനാലയങ്ങളിൽ ആരൊക്കെ കയറണം എന്ന് അവർ തീരുമാനിക്കും എന്ന്.അപ്പോൾ അതാണ് പറഞ്ഞു വരുന്നത്.ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളിലും സ്വാതന്ത്ര്യങ്ങളിലും ജീവിക്കട്ടെ.നിങ്ങളുടെ ആരാധനാലയങ്ങളിൽ ആരൊക്കെ കയറണം എന്നത് നിങ്ങൾ തീരുമാനിച്ചോളു,ഞങ്ങളുടെ അടുക്കളയിൽ എന്ത് വെയ്ക്കണം എന്നത് ഞങ്ങളും തീരുമാനിക്കാം.ദൈവങ്ങളെ പിന്നിൽ ഉപേക്ഷിച്ചു ശാസ്ത്രത്തിനൊപ്പം മനുഷ്യൻ പുരോഗതിയിലേക്ക് കുതിക്കുന്ന ഈ കാലത്ത് ദൈവങ്ങളും വിശ്വാസങ്ങളും ഓരോരുത്തരുടെയും സ്വകാര്യതയിൽ മാത്രം ഒതുങ്ങുന്നതല്ലേ നല്ലത് !!!!!!!