ഇര ഇര എന്നിങ്ങനെ നൂറാവർത്തി ഉച്ചരിച് സഹതപിക്കരുത്.അവന്മാർ ചെയ്ത ഈ കാട്ടാളത്തരം കൊണ്ട് അവർക്കു സ്ത്രീ എന്ന ഐഡന്റിറ്റി നഷ്ടമായിട്ടില്ല.അല്ലെങ്കിലും പണ്ട് തൊട്ടേ നമ്മൾ കണ്ടതും, കേട്ട് പഠിച്ചതും അങ്ങനെയാണല്ലോ,സ്ത്രീകൾ ആക്രമിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവർ ഇരകളാണ്,പിനീട് അക്രമികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാനുള്ള വ്യഗ്രതയാണ് നമുക്ക്.അതിനടിയിൽ പേര് വെളിപ്പെടുത്താതെയും,മുഖം മറച്ചും ആ സ്ത്രീ കുറച്ചു കാലം സെൻസേഷണൽ ആകുന്നു പിന്നീട് നമ്മൾ അവരെ മറക്കുന്നു,പക്ഷെ അവർ പിന്നെയും ജീവിക്കുന്നുണ്ട്...അവർ പിന്നീട് ഏതു തരത്തിലുള്ള സമൂഹത്തിലാണ് ജീവിക്കുന്നത്,അതാണ് നമ്മൾ ചിന്തിക്കേണ്ടത്.ചാരിത്ര്യം എന്നൊന്നുണ്ടെന്നും അത് നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നീട് അവർ ജീവിച്ചിരിക്കുന്നതിൽ തന്നെ കാര്യമില്ലായെന്നുമൊക്കെയുള്ള കിരാതനിയമങ്ങൾ ഏതു നൂറ്റാണ്ടിന്റെ സൃഷ്ടിയാണെന്നറിയില്ല,പക്ഷെ അത് കുറേകാലം നമ്മുടെ സിനിമകൾ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്,റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുക,ഞരമ്പ് മുറിക്കുക തുടങ്ങിയ സീനുകൾ എത്രയോ നമ്മൾ കണ്ടിരിക്കുന്നു.അങ്ങനെ ആണിന് നഷ്ടപ്പെടുത്താനും അത് വഴി അവളെ മരണത്തിലേക്ക് നയിക്കാനും കഴിയുന്ന ഒന്നും സ്ത്രീയിൽ ഇല്ല,ആണും പെണ്ണും അവർ രണ്ടുപേരും രണ്ടു മനുഷ്യർ.അത് കൊണ്ട് തന്നെ അക്രമിക്കപ്പെട്ടാൽ അത് തുറന്നു പറഞ്ഞു തുടർനിയമ നടപടികൾ സ്വീകരിക്കണം,അങ്ങനെ പറയാൻ പല സ്ത്രീകളും ധൈര്യപെടാത്തത് പിന്നീട് അവരെ കാത്തിരിക്കുന്ന സമൂഹം വികൃതമായത് കൊണ്ടാണ്.അത്തരം വികൃതമായ സമൂഹം സൃഷ്ടിക്കപെടാതിരിക്കണം.വടക്കാഞ്ചേരിയിൽ വീട്ടമ്മയെ ചതിയിലൂടെ ആക്രമിച്ചത് അവരുടെ അടുത്ത സുഹൃത്തുക്കൾ തന്നെയാണ്.ആണായാലും, പെണ്ണായാലും ജീവിതത്തിൽ ചുറ്റും ചതികുഴികൾ ഉണ്ടെന്നുള്ള തിരിച്ചറിവുകൾ വേണം.വടക്കഞ്ചേരി കേസിലെ എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുക തന്നെ വേണം.പരാതി ബോധിപ്പിക്കാൻ വന്നവരുടെ സുഖവിവരം അന്വേഷിച്ച ഏമാൻ വലിയ ശിക്ഷ അർഹിക്കുന്നുണ്ട്,കാരണം അയാൾ സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ ക്യാപ്സ്യൂൾ രൂപമാണ്.തീക്കനലുകൾക്കു ചൂടാണ് എന്ന് വിളിച്ചു പറയാൻ നമുക്ക് പൊള്ളൂന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല.നമ്മളുടേതു കൂടിയാണ് ഈ ലോകം.
ഇരകൾ എന്ന് വിളിച്ചു തളർത്തരുത്,പോരാളികൾ എന്ന് വിളിച്ചു വളർത്തണം