Tuesday, 29 April 2014

റോസ്ലിക് പനി.വൈകുന്നേരം അവളെ ഡോക്ടറെ കാണിച്ചു തിരിച്ചു വീട്ടില് വന്നപ്പോൾ ടി വിയിൽ   വൈദീകൻ 9 വയസുകാരിയെ പീഡിപ്പിച്ച വാർത്ത‍ കേട്ട് തോമസ്‌ ഞെട്ടി.മറ്റെന്തിനോടൊക്കെ മുഖം തിരിച്ചു കാണിച്ചാലും ദൈവത്തോടും അവന്റെ ബിനാമികളോടും എന്നും വിശ്വാസം പുലർത്തിയിരുന്ന ഒരു ഇടത്തരം കുടുംബം ആയിരുന്നു തോമസിന്റെത്.അയാൾ അകത്തേക്ക് നീട്ടി വിളിച്ചു പറഞ്ഞു ;
എടിയെ നീ അറിഞ്ഞോ ? തൃശൂർ ഒരു വൈദീകൻ 9 വയസുകാരി കൊച്ചിനെ പീഡിപ്പിചെന്നു...
ഗുളിക കഴിച്ച കിടക്കയിൽ വിശ്രമിച്ചുകൊണ്ട് കുടുംബനന്മാക്കായി ജപമാല  പ്രാർത്ഥിക്കുന്ന റോസ്ലി പറഞ്ഞു ..
നിങ്ങളൊന്നു പതുക്കെ പറ മനുഷ്യാ പിള്ളേര് അപ്പുറത്ത് ഉണ്ട് .ഇങ്ങനെയുല്ലവന്മാർക്ക് കർത്താവു കൊടുക്കും.നിങ്ങൾ അത്താഴം കഴിച്ചു കിടന്നു ഉറങ്ങാൻ നോക്ക് ...

പുറംലോകവുമായി ഇടപെഴകുന്ന ഒരാൾ എന്ന നിലയിൽ റോസ്ലിയുടെ അഭിപ്രായവും ആയി യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും സമാധാനം ആഗ്രഹിക്കുന്ന ഒരു ഗൃഹനാഥൻ  എന്ന നിലയിൽ അയാൾ ഒരക്ഷരം തിരിച്ചു പറയാതെ അത്താഴം കഴിക്കാനായി നടന്നു.

അമ്മച്ചിക്ക് പനിയായത് കൊണ്ട്  മക്കൾ 2 പേരും രാവിലെ തന്നെ കുളിചൊരുങ്ങി ഞായറാഴ്ച കുർബാനയ്ക്ക് പോകാൻ ഇറങ്ങുമ്പോൾ തോമസ്‌ പറഞ്ഞു ഇന്ന് നിങ്ങൾ പോകണ്ട.അപ്പന് ഒരു സ്ഥലം വരെ പോകാൻ ഉണ്ട് .അമ്മച്ചിയുടെ കൂടെ ആരുമില്ല.നമുക്ക് ഒരുമിച്ചു അടുത്ത ഞായറാഴ്ച പോകാം.2 പേരും തലയാട്ടി അകത്തേക്ക് നടന്നു.

തോമസിന്റെ വാക്കുകൾ കേട്ട് പുറത്തേക്കു വന്ന റോസ്ലി കാര്യം തിരക്കിയപ്പോൾ തോമസ്‌ പറഞ്ഞു.
നീയും കേട്ടതല്ലേ ഇന്നലത്തെ വാർത്ത‍ ?

"തകർന്നു പോയാൽ പിന്നീടു നേടിയെടുക്കാൻ പാട് ഉള്ള ഒന്ന് തന്നെയാണ് വിശ്വാസം "

ഏപ്രിൽ 29 : ലോക നൃത്തദിനം



ആടിയ കാലും പാടിയ വായും ഒരിക്കലും വെറുതെ ഇരിക്കില്ല എന്നാണ് ചൊല്ല്.കാരണം നൃതത്തിനും പാട്ടിനും മനുഷ്യനെ അത്രയേറെ സ്വാധീനിക്കാൻ കഴിയും. ഭരതനാട്യവും,കഥകളിയും,ഒടിസ്സിയും തുടങ്ങി റോക്ക് വരെ എത്തിനില്ക്കുന്ന നൃത്ത രൂപങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ.കൂടുതൽ ആളുകള് നൃത്തത്തിൽ പാലിച്ചിരുന്ന ശാസ്ത്രം ഭരതമുനിയുടെ നാട്യശാസ്ത്രം ആയിരുന്നു.പ്രശസ്തമായ നൃത്തങ്ങളിൽ ഒന്നാണ് ശിവന്റെ താണ്ഡവനൃത്തം,എന്നിട്ടും നൃത്തം പെണ്ണിന്റെ കുത്തകയായിരുന്നു..പുരുഷന്മാർ ഒട്ടും ഉണ്ടായില്ല എന്നല്ല...

നൃത്തം കൊണ്ട് ലോകത്തെ ഞെട്ടിച്ചവരും,നൃത്തത്തിന്റെ മൂരധന്യവസ്ഥയിൽ സ്വയം മറന്നവരും,നൃത്തം കൊണ്ട് മറ്റുള്ളവരെ ആകര്ഷിച്ചവരും,വൈകല്യങ്ങളെ പോലും മറന്നു നൃത്തത്തെ സ്വായതമാക്കിയവരെയും ഒക്കെ നമുക്ക് അറിയാം.നാട്യകലയെ   ഹൃദയത്തോട്  ചേർത്ത്  വെച്ച് ജീവിക്കുന്ന എല്ലാ നര്ത്തകി നര്തകന്മാര്ക്കും ആശംസകളും, ഒപ്പം നൃത്തത്തിൽ ഭാവി സ്വപ്നം കാണുന്നവർക്കുള്ള പ്രര്തനകളും നേരുന്നു ഈ ലോക നൃത്തദിനത്തിൽ. 

Friday, 25 April 2014

കൊച്ചാപ്പി കണ്ട ചൊവ്വ.

ഒരിക്കൽ ചൊവ്വയിൽ എത്തിപെട്ട കൊച്ചാപ്പി അവിടെ ഒരുപാടു പേരെ കണ്ടു .അതിൽ മൂന്നു പേരുമായി കൊച്ചാപ്പി സൗഹൃദത്തിലായി.

അതിൽ ഒരാൾ കൃഷ്ണൻ.നാട്ടിലെ പല അമ്പലങ്ങളിലും ഇരുന്നു വെണ്ണയും പാലും കഴിക്കുന്നു എന്ന് വിശ്വാസികൾ അവകാശപെടുന്ന അതെ കൃഷ്ണൻ.അമ്പലമുറ്റത്ത്‌ നിന്ന് അനാചാരങ്ങളുടെ പേരില് പടിയിറക്കപെട്ടവരുടെ വേദന ഇപ്പോഴും അദ്ധേഹത്തെ അസ്വസ്തമാക്കുന്നുണ്ട് .കാവിമുണ്ട്‌ ഉടുത്തു കുറിയിട്ടവരുടെ അക്രമങ്ങൾ കണ്ടു ഭയന്നാണത്രെ പുള്ളി ഇവിടെ എത്തിയത് .ശശികല ടീച്ചർ എന്ന് കേട്ടതും പുള്ളിയുടെ ബോധം പോയി.

ഇനി ഒരാൾ യേശു .തന്റെ വചനങ്ങൾ പിന്തുടർന്ന് വന്ന കുഞ്ഞാടുകളുടെ പ്രവർത്തി കണ്ടു പണ്ട് തന്റെ കുരിശിന്റെ ഇരുവശങ്ങളിൽ കിടന്ന കള്ളന്മാരെ  നമിച്ചുപോയ വ്യക്തി. നേർച്ചപണ്ടമായി വികാരിയായവരുടെ വൈകൃതങ്ങൾ കണ്ടു നാട് വിട്ടതാണ് . വിദ്യാഭ്യാസം കച്ചവടമാക്കാൻ ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്നാണ് പുള്ളി ഇപ്പോൾ തിരയുന്നത്  .

ഇനി ഒരാൾ നബി.പ്രവാചകൻ എന്ന് വിളിക്കുകയും തന്റെ വാക്യങ്ങളെ സ്വാർത്ഥതക്കു വേണ്ടി വളച്ചൊടിക്കുകയും ചെയ്ത വിശ്വാസികളെ കാരണം നാട് വിട്ട ആൾ. അണികൾ ആയുധം എടുക്കുന്നതുകണ്ട് തോറ്റു മടങ്ങിയ ഒരു നേതാവാണ്‌ നബി എന്ന് കൊച്ചാപ്പിക്കു തോന്നി .

അവിടെ ഉള്ളവരെല്ലാം തന്നെ മതവിശ്വാസികളുടെ ചേഷ്ടകൾ കണ്ടു നാട് വിട്ട ദൈവങ്ങൾ ആണ്എന്ന് കൊച്ചാപ്പിക്കു മനസിലായി.എല്ലാവരും എന്ത് കൊണ്ട് ചൊവ്വയിൽ എത്തി എന്ന കൊച്ചാപ്പിയുടെ ചോദ്യത്തിന് മറുപടിയായി എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ."ആക്രമകാരിയായ മനുഷ്യന്റെ അടുത്ത വരവ് ചൊവ്വയിലേക്ക് ആണെന്ന് അറിഞ്ഞു.ചൊവ്വയിലെങ്കിലും മതവും ജാതിയും വർഗീയതയും ഒന്നും ഇല്ലാത്ത ഒരു സുന്ദരമായ നാട് നേടിയെടുക്കാൻ വേണ്ടി മനുഷ്യനുമായി ഒരു യുദ്ധത്തിനു തയ്യാറെടുക്കുകയാണ് ഞങ്ങൾ ".

വിശ്വാസിയുടെ ക്രൂരതകളിൽ മനം മടുത്തു നാട് വിട്ടവരോടായി കൊച്ചാപ്പി പറഞ്ഞു .നാട്ടിൽ പോയാൽ ഞാൻ അവിശ്വാസിയായി ജീവിക്കും.
അപ്പോൾ കൃഷ്ണൻ പറഞ്ഞു : ലോക സമസ്ത സുഖിനോ ഭവന്തു. 
യേശു പറഞ്ഞു : നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
നബി പറഞ്ഞു :പരസ്പരം സ്നേഹത്തോടെ നോക്കുക .

വിശ്വാസി ആയാലും അവിശ്വാസി ആയാലും പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന മനുഷ്യനാകാനാണ് അവർ പറഞ്ഞതെന്ന് മനസിലാക്കി മടങ്ങിയ കൊച്ചാപ്പിയുടെ ഉള്ളിൽ കാരണം അറിയാതെ പരസ്പരം കലഹിക്കുന്ന വിഡ്ഢികളെ കുറിച്ചുള്ള ദുഃഖം മാത്രമായിരുന്നു ബാക്കി...     

Wednesday, 23 April 2014

ഓം ശാന്തി ഓശാന



സ്നേഹം മറച്ചുവെച്ച ഒരു ആണ്‍കുട്ടിയെ സ്നേഹം തുറന്നു പറഞ്ഞു സ്വന്തമാക്കിയ ഒരു പെണ്ണിന്റെ കഥ.ഒപ്പം മറ്റൊരുപാട് സ്നേഹങ്ങളും സൗഹൃദങ്ങളും കൂടി വരച്ചു കാട്ടുന്നുണ്ട് ചിത്രം ...എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു നല്ല ചിത്രം തന്നെയാണ് ഓം ശാന്തി ഓശാന .

"മറ്റുള്ളവരുടെ സ്വപ്നങ്ങള്ക്ക് വേണ്ടി ജീവിക്കാൻ കഴിയുക എന്നത് വളരെ പാടാണ് ,കാരണം അതിനു മനസ്സില് ഒരുപാടു സ്നേഹം വേണം "...

Monday, 21 April 2014

കാണാകാഴ്ചകൾ


അർദ്ധരാത്രിയിൽ അബദ്ധത്തിൽ  ഉദിച്ച സൂര്യൻ
ചില കാഴ്ചകൾ കണ്ടു
പകൽ മുഴുവൻ സമരം ചെയ്ത
മദ്യവിരുദ്ധ  നേതാവിന്റെ
നല്ല സ്കോച്ചടി കണ്ടു
വെള്ളിവെളിച്ചത്തിൽ സദാചാരം
വിളമ്പിയ ചിലർ
വേശ്യയുമായി സമരസപെടുന്നത് കണ്ടു
കൈകുഞ്ഞിനു അന്നമൂട്ടുന്ന
അഭിസാരികയെ കണ്ടു
അന്നത്തിനു വേണ്ടി കക്കുന്നവനെ കണ്ടു
കർമനിരതർ  എന്ന് പറയുന്ന
കദർധാരികൽ നാടിനെ തീറെഴുതുന്നത് കണ്ടു
അഹിംസവാദികൾ  ആയുധം എടുക്കുന്നതും
അഞ്ജർ എന്ന് ആക്ഷേപിക്കപെട്ടവർ
അറിവ്  നേടുന്നത് കണ്ടു
മാതാവിന്റെ ക്രൂരതയും
അമ്മയുടെ വാത്സല്യവും കണ്ടു
പിതാവിന്റെ പീഡനവും
അച്ഛന്റെ സ്നേഹവും കണ്ടു
പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും
ചതിയും സ്നേഹവും കണ്ടു
നിരീശ്വരവാദിയുടെ പ്രാര്ത്ഥന കണ്ടു
ആൾ ദൈവങ്ങളുടെ കാടത്വം കണ്ടു
പുഴകൾ മലിനമാക്കപെടുന്നത് കണ്ടു
റോഡുകളിൽ ജീവന് വേണ്ടി കേഴുന്നവരെ കണ്ടു
നാളെയുടെ സ്വപ്‌നങ്ങൾ കണ്ടു
ഉറങ്ങുന്നവരെ കണ്ടു
ഒക്കെയും കണ്ടു അസ്തമിച്ചു മടങ്ങിയ
സൂര്യൻ ചന്ദ്രനോട് ഇതൊക്കെ പറഞ്ഞു
അങ്ങനെ പരസ്പരകൾ കാഴ്ചകൾ കൈമാറിയ
സൂര്യനും ചന്ദ്രനും
ഒരു ഞെട്ടലോടെ ഇപ്പോഴും
ഉദിക്കുകയും അസ്തമിക്കുകയും ചെയുന്നു
ശീലമായിപോയ കാണാകാഴ്ചകളുമായി   .......

Friday, 18 April 2014

ആധുനികലോകത്തിലെ അടിമയുടെ പേരോ പെണ്ണ് ?

സ്ത്രീകൾക്ക് എതിരായിട്ടുള്ള അക്രമങ്ങൾ കൂടി കൊണ്ട് ഇരിക്കുന്ന ഒരു സാഹചര്യത്തിൽ അതിന്റെ കാരണങ്ങളെ തിരയാനാണ് ഞാൻ ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത് .
പുരാതന കാലങ്ങളിലേക്കും ചരിത്രത്തിലേക്കും ഒക്കെ തിരിഞ്ഞു നോക്കിയാൽ തന്റെതായ കർമ മണ്ടലത്തിൽ ഒക്കെ തന്നെ പുരുഷന് മേലേ  നിന്ന ഒരുപാടു സ്ത്രീ കഥാപാത്രങ്ങളെ നമുക്ക് കാണാൻ കഴിയും.വിഷക്കനി കഴിച്ച ആദത്തിന്റെ കഴുത്തിൽ കയറി പിടിച്ച ഹവ്വ ,രാവണന്റെ തടങ്കലിൽ കഴിയുമ്പോഴും രാമനായുള്ള  തന്റെ കാത്തിരിപ്പു കൊണ്ട് അശോകവനത്തെ പ്രസിദ്ധമാക്കിയ സീത ,ഝാൻസി റാണി,മദർ തെരേസ്സ ,എന്തിനു തപസ്സിന്റെ ഉന്നതിയിൽ നിന്ന വിശ്വാമിത്രന്റെ തപസിളക്കിയ നർത്തകിമാർ വരെ ആണിന്റെ കരുത്തിനെ തോല്പ്പിച്ചവർ അല്ലേ?എന്നിട്ടും എന്തുകൊണ്ടാണ് സ്ത്രീകൾ ചൂഷണം ചെയ്യപെടുന്നത്.

പുരുഷൻ സ്ത്രീക്ക് മേൽ നേടിയ ആധിപത്യം ആണോ ഇതിനു കാരണം...പൂർണമായും അങ്ങനെ  അല്ലെങ്കിലും ഈ ചൂഷണത്തിന്റെ  ഒരു തുടക്കം അവിടെ നിന്ന് തന്നെയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്‌ . തുടക്കം പുരുഷനെയും പിന്നീടു അവന്റെ വാരിയെല്ലിൽ നിന്നും സ്ത്രീയെയും സൃഷ്ടിച്ചത് മുതല്ക്കേ സ്ത്രീ ഒരു രണ്ടാം സമൂഹം ആയി മാറി തുടങ്ങി .പിന്നീടു പുരുഷനെ ജയിച്ച ന്യൂനപക്ഷ സ്ത്രീ സമൂഹം അറിയപെടുമ്പോഴും അകത്തളങ്ങളിൽ ബന്ധിക്കപെട്ട ഭൂരിപക്ഷ സ്ത്രീ സമൂഹത്തെ ആരും അറിഞ്ഞില്ല ,ക്രമേണ ആ ഭൂരിപക്ഷത്തിന്റെ സ്വഭാവത്തെ സ്ത്രീയുടെ അടിസ്ഥാന സ്വഭാവമായി മാറ്റി എഴുതപെടുകയായിരുന്നു .

പാചകകലയിൽ നളനെ വെല്ലാൻ ആരും തന്നെ ഇല്ലായിരുന്നു ,എന്നിട്ടും വര്തമാനകാലഘട്ടത്തിൽ  സ്ത്രീകൾ പാചകത്തിന്റെ അമരക്കാരായി ,ഒരുപക്ഷെ പാചകകലയിൽ പുരുഷന് മേൽ സ്ത്രീ സ്ഥാപിച്ച ആധിപത്യം ആകാം അവരെ അടുക്കളയിൽ തളച്ചിട്ടത് ,നളന്റെ പിന്മുറക്കാരാരും   സ്ത്രീയെ ജയിക്കാൻ ശ്രമിക്കാതതുകൊണ്ട് ഇപ്പോഴും അവർ അടുക്കളയിൽ തന്നെ .അതിന്റെ ബാക്കിപത്രമായിരുന്നു അരമനയുടെയും അന്തപുരങ്ങളുടെയും നാലുകെട്ടുകൽക്കുള്ളിലെ സ്ത്രീ ജീവിതങ്ങൾ.

സ്ത്രീയുടെ ശരീരവും സൗന്ദര്യവും അവർ ചൂഷണം ചെയപെടുന്നതിന്റെ മുഖ്യ കാരണങ്ങൾ ആണ് .സ്ത്രീ തന്റെ ശരീരം മറച്ചു വെച്ച് ജീവിച്ചു തുടങ്ങിയത് എന്നാണോ അന്ന് തുടങ്ങിയതാണ് പുരുഷന് അതിനോടുള്ള അഭിനിവേശം ,അതിന്റെ തുടര്ച്ചയാണ് ഇനത്തെ ബലാൽസംഘങ്ങളും ,പീഡനവും ഒക്കെ .പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകൾ രഹസ്യഭാഷ ശൈലി പഠിക്കണമെന്നാണ് വാത്സ്യായനൻ കാമസുത്രത്തിൽ പറയുന്നത് .. മയിലിന്റേയോ കാട്ടുനായയുടെയോ അസ്ഥി സ്വർണ്ണത്തിൽ പൊതിഞ്ഞ് വലത്തെ കൈയ്യിൽ കെട്ടിയാൽ ഏതു സ്ത്രീയെയും കീഴടക്കാൻ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ഇതിനാലോക്കെ തന്നെ കിടക്കയിലും സ്ത്രീയെ കീഴടക്കേണ്ടത് പുരുഷന്റെ ധർമമായും ,അതിനു കഴിഞ്ഞില്ലെങ്കിൽ അത് അവന്റെ പരജായമായും ഒക്കെ അവൻ കാണാൻ തുടങ്ങി .പുരുഷന്റെ ഇത്തരം കാഴ്ചപാടുകളും അതിന്റെ വിജയങ്ങളും സ്ത്രീയെ ഒരു  അടിച്ചമര്തപെട്ട സമൂഹം ആക്കി മാറ്റി.സ്ത്രീ ശരീരത്തിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്ന സുഖത്തെ തേടിയുള്ള പുരുഷന്റെ യാത്രയാണ്‌ ഇന്നത്തെ അവർ അനുഭവിക്കുന്ന കൂടുതൽ ചൂഷണങ്ങളും .

ഈ ഒരു കാരണം കൊണ്ടാകാം പല സ്ത്രീശാക്തീകരണ സംഘടനകളും ഉയർത്തിപിടിച്ച ആവശ്യം സ്ത്രീക്കും പുരുഷനും സമത്വം എന്നതായിരുന്നു,പക്ഷെ അതുകൊണ്ട് പുരുഷനെ പീഡിപ്പിക്കാൻ  പോന്ന ഒരു സ്ത്രീ സമൂഹത്തെ സൃഷ്ട്ടിക്കാം എന്നെ ഉള്ളു , നമുക്ക് ആവശ്യം പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയുന്ന സ്ത്രീയെയും പുരുഷനെയും ആണ് ,അങ്ങനെ ഉള്ളവർ കൂടി ഉള്ള നാടാണ് ഇത് .

പെണ്‍ശരീരങ്ങളോട് ഉള്ള ആർത്തിയുമായി നടക്കുന്ന ആളുകള് ഉള്ളടുത്തോളം കാലം സ്ത്രീകൾക്ക് പൂർണസുരക്ഷ എന്നത് ഒരു വിമോചന  സമരത്തിന്‌ ശേഷമുള്ള സ്വപ്നം ആയിരിക്കും.
ഇവിടെ നടക്കുന്ന ഏതൊരു പീഡനവും ബലാൽസംഘവും  പരിശോധിച്ചാലും അതിന്റെ പിന്നിൽ ഒരു പെണ്ണിന്റെ ഒത്താശ കൂടി ഉണ്ടായിരിക്കും എന്നതാണ്  ഒരു വിചിത്ര സത്യം.ഇന്ന് നാട്ടിൽ അഴിഞ്ഞാടുന്ന പല വമ്പൻ സെക്സ് റാക്കറ്റിന്റെയും തലപ്പത്ത് ആൻറിമാരാണ്.രാപ്പകൽ വ്യത്യാസം ഇല്ലാതെ സ്ത്രീകൾക്ക് ജീവിക്കാൻ കഴിയുന്ന ഒരു നാട് സ്വപ്നം മാത്രമായിരിക്കും,കാരണം പിഞ്ചുകുഞ്ഞു മുതൽ പ്രായമായവർ വരെ ഉള്ളവർക്ക് അങ്ങനെ ഒരു സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു നാട്ടിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത് .പകൽ വെളിച്ചത്തിലും ഇരുട്ടിന്റെ മറവിലും എപ്പോഴും നമുക്ക് പിന്നിൽ ആക്രമണത്തിന്റെ കരങ്ങൾ ഉണ്ട് .കാമത്തിന്റെ മൂർധന്യാവസ്ഥയിൽ മക്കളെ കൊല്ലുകയും പീഡിപ്പിക്കുകയും വരെ ചെയ്ത അച്ഛനമ്മമാർ ഉള്ള നാടാണ് ഇത് . ഇനി ചെയ്യാൻ കഴിയുന്നത്‌ ഓരോ സ്ത്രീയും അവരവരുടെ സുരക്ഷ ഏറ്റെടുക്കുക,ഒപ്പം മറ്റുള്ളവരുടെയും നിയമം അനുശാസിക്കുന്ന സാധ്യതകളെ ദുരുപയോഗപെടുതാതെ ഉപയോഗിക്കുക .സ്ത്രീയെ മാനിക്കുന്ന ഒരു പുരുഷ സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുക .

 തെറ്റ് ചെയുന്നവർ ഭയക്കുന്ന ഒരു നിയമസംവിധാനം നമുക്ക് ഇല്ല എന്നത് തന്നെയാണ് പ്രധാന കാരണം."ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും  ഒരു നിരപരാധിപോലും ശിക്ഷിക്കപെടാൻ പാടില്ല "എന്ന തത്വം പറഞ്ഞു വെറുതെ വിട്ട കുറ്റവാളികളെ കൊണ്ട് ഈ നാട് നിറഞ്ഞു .ചേർക്കുന്ന സ്കൂളിന്റെ പ്രസിദ്ധി നോക്കി കുട്ടികളെ പഠിപ്പിക്കാൻ മത്സരിക്കുന്നതിന് പകരം "അമ്മ " എന്ന വാക്കിന്റെ അർത്ഥവും സ്നേഹവും,അത് എല്ലാ സ്ത്രീകളിലും നിറഞ്ഞു നില്ക്കുന്ന ദൈവീകത ആണെന്നും അവരെ  പറഞ്ഞു പഠിപ്പിക്കാൻ കഴിഞ്ഞാൽ സ്വഭാവ വൈകല്യം ഇല്ലാത്ത ഒരു തലമുറയെ എങ്കിലും നമുക്ക് വാർത്തെടുക്കാൻ കഴിയും എന്ന് ഓർമിപ്പിച്ചുകൊണ്ടു നിർത്തുന്നു.

പ്രണയം

താല്ക്കാലിക സുഖങ്ങൾക്ക്  വേണ്ടി അണിയുന്ന
മേലങ്കി ആകരുത് പ്രണയം
അത് നിങ്ങളുടെ മാംസത്തോട്  ചേർന്ന് നില്ക്കുന്ന തൊലിയാകണം
അത് നിങ്ങളോട് ചേർത്ത് കാണാൻ കഴിയുന്നതാകണം
അതിനു വേദനിക്കുമ്പോൾ നിങ്ങൾക്കും വേദനിക്കണം
ആരൊക്കെ എതിർത്താലും
നിങ്ങൾക്ക് അതിനെ സ്നേഹിക്കാൻ കഴിയണം
ചുക്കിച്ചുളിയുംപോഴും  നിങ്ങൾക്ക് അതിനോട്
വെറുപ്പ്‌ തോന്നരുത്
ഒടുവിൽ നിങ്ങൾ ഇല്ലാതാകുമ്പോൾ
അതും ഇല്ലാതാകണം ..
  

മുന്നറിയിപ്പ്

കരളു തകര്ക്കുന്ന മദ്യത്തിന്റെ മുന്നറിയിപ്പ്
"ഇത് ആരോഗ്യത്തിനു ഹാനീകരം"
ശ്വാസകോശം തകര്ക്കുന്ന സിഗരറ്റിന്റെ മുന്നറിയിപ്പ്
"ഇത് ആരോഗ്യത്തിനു ഹാനീകരം"
മനസ്സുകൾ  കീറിമുറിക്കുന്ന പ്രണയത്തിന്റെ മുന്നറിയിപ്പ് എന്താണ് ???


വാൽ കഷ്ണം : പ്രണയം ലഹരി അല്ല
                             ലഹരികൾ തകര്ച്ചയുടെ മുന്നറിയിപ്പുമായാണ് വരുന്നത് ..

Thursday, 17 April 2014

പെസഹ വ്യാഴം മുതൽ ഈസ്റ്റർ ഞായർ വരെ

കര്ത്താവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമയിൽ വിശ്വാസികൾ പെസഹ വ്യാഴം കൊണ്ടാടുന്നു...ഒരുപാടു തിരിച്ചറിവുകളുടെ ഒരു വ്യാഴം ആണ് ഈ പെസഹ വ്യാഴം ....ശിഷ്യന്മാരുമോത്തുള്ള ഈ അത്താഴം ഒരുമയുടെ ഓർമപെടുത്തലാണ്...ഗുരുവെന്നും കർത്താവെന്നും വിളിച്ചു  ശീലിച്ചവരുടെ പാദങ്ങൾ കഴുകിയതിലൂടെ വിനയവും എളിമയും ഉള്ളവരുമായി ജീവിക്കാൻ കർത്താവു നിങ്ങളോട് പറയുന്നു ....ഒറ്റുകാരനെ തിരിച്ചറിഞ്ഞ രാത്രി .....പക്ഷേ ഒറ്റുകാരന് അപ്പം മുറിച്ചു നല്കിയ വിശാലമനസ്സ് ശീലമാക്കാൻ ശ്രമിക്കണം ....ഇങ്ങനെയുള്ള ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു ഒടുവിൽ കുരിശിലേറി കർത്താവു പോയപ്പോൾ കൂടുതലും യൂദാസുകൾ ആണ് സ്രിഷ്ടിക്കപെട്ടത്‌  ....നന്മയുടെ സന്ദേശകൻ  ഉയര്തെഴുനെൽക്കുന്നതും കാത്തു  ജീവിതം തള്ളി നീക്കാതെ ഒരാളുടെ ജീവിതത്തിൽ എങ്കിലും നന്മ വിതറാൻ കഴിഞ്ഞാൽ  നിങ്ങളാകും അവിടുത്തെ പ്രിയ ശിഷ്യൻ....

എല്ലാ വിശ്വാസികൾക്കും നന്മയുടെയും പ്രതീക്ഷയുടെയും നാലു വിശുദ്ധ നാളുകൾ ആശംസിക്കുന്നു......  

Wednesday, 16 April 2014

ദേശീയ ചലച്ചിത്ര പുരസ്‌കാരം 2014

പേരറിയാത്തവരിലൂടെ പേരറിയിച്ചവൻ

മലയാള സിനിമയുടെ പ്രൗഡി ദേശിയതലം വരെ ഉയര്തിയവരിൽ സുരാജ്‌ വെഞ്ഞാറുമൂട് എന്ന നടനും .... അഭിനന്ദനങൾ സുരാജ്‌, ഒപ്പം   അതിനു കാരണക്കാരനായ ബിജുവിനും കൂട്ടര്ക്കും അഭിനന്ദനങൾ...ഓരോ കലാകാരനിലും അയാളുടെ ഒരു മികച്ച സൃഷ്ടി ഉണ്ട് ...ഇത് സുരാജിന്റെ മികച്ചതാണോ എന്നത് നമ്മള്ക്ക് കൂടി തോന്നാൻ "പേരറിയാത്തവർ" എന്ന പടം കാണുക തന്നെ വേണം...അതിനായി കാത്തിരിക്കാം ...ഒപ്പം ഒരു പ്രത്യേക ശൈലിയിൽ മാത്രം കോമഡിയുമായി ഒതുങ്ങി കൂടാതെ പരീക്ഷണാർത്ഥം പുതിയ വേഷങ്ങളിലേക്കുള്ള സുരാജിന്റെ ചുവടുമാറ്റത്തിനു ഉള്ള ഒരു അംഗീകാരം  കൂടിയാണ് ഈ അവാർഡ്‌ ...ഈ വാർത്ത‍ അറിഞ്ഞ തിരോന്തോരാതെ ഉൾനാട്ടിലെ വീട്ടുമുറ്റത്ത്‌ ഇരുന്നു ഒരു അമ്മച്ചി ഇങ്ങനെ പറഞ്ഞു "അങ്ങനെ നമ്മുടെ പയലും സിനിമയിലെ വലിയ ഭരതൻ ആയി ..."അപ്പോൾ പിന്നണിയിൽ എവിടെയോ റേഡിയോയിൽ   ഒരു പാട്ട് ....

"തിരോന്തോരം പയലുകളെ കാണണാ
അവർ അവാർഡും മറ്റും വാങ്ങനത്  കാണണാ
കാണണോങ്കി വാ
വെഞ്ഞാറമൂടേക്ക് വാ ...."

ഒപ്പം അവാർഡിന് അർഹരായ ഗീതു മോഹൻദാസ്‌ ഉൾപെടെ ഉള്ള എല്ലാ പ്രതിഭകൾക്കും, നോർത്ത് 24 കാതം ഉൾപ്പെടെ ഉള്ള കലാസ്ര്യിഷ്ടികൾക്കും    അഭിനന്ദനങൾ...... 

Tuesday, 15 April 2014

പറയാൻ മറന്ന വാക്കുകളിൽ കുരുങ്ങി കിടക്കുക്കുന്നു
ഇപ്പോഴും പലരുടെയും സ്നേഹം
പക്ഷെ പറഞ്ഞ വാക്കുകളെ പഴിചാരി
ജീവിതം തള്ളി നീക്കുന്നവരും  ഉണ്ട് ഇവിടെ ....

Monday, 14 April 2014

വിഷുകണി

കൊന്നമരകൊമ്പിൽ എവിടെയോ
ബാല്യത്തിലെ നല്ല ഒരു വിഷുകാലം
ഒളിച്ചുകിടക്കുന്നുണ്ട്
കണി ഒരുക്കി , രാവിലെ കണ്ണുപൊത്തി
അമ്മ വിഷുകണി കാണിച്ചപ്പോഴോക്കെയും
അമ്മ കണ്ട വിഷുകണി എന്തായിരുന്നു
എന്ന് ചിന്തിച്ചിട്ടില്ല
വിഷു സദ്യയുടെ രുചിയും
അച്ഛൻ നല്കിയ
വിഷുകൈനീട്ടം കൊണ്ട്  വാങ്ങിയ
മിട്ടായിയുടെ മധുരവും
നാവിലെ കൊതിയൂറുന്ന ഓർമകളാണ്
പടക്കവും പൂത്തിരിയും കത്തിക്കുമ്പോൾ
"കൈ പൊള്ളാതെ നോക്കണേ"
എന്ന് പറഞ്ഞ ഒരു മുത്തശ്സനും മുത്തശിയും
ഇന്ന് ഓർമ്മകൾ മാത്രമാണ്
കാലത്തിന്റെ കുത്തൊഴുക്കിൽ
അനാഥമായ ഓർമകൾക്കിടയിൽ 
ഇപ്പോഴും ഒരു കൊന്നപൂ
വാടാതെ നില്ക്കുന്നു
പ്രതീക്ഷകളുടെ നല്കണിയായി...

ഓർമയിലെ വിഷു

അങ്ങനെ വീണ്ടും ഒരു വിഷു കാലം കൂടി വന്നെത്തിയിരിക്കുന്നു ...കേരളത്തിന്റെ കാര്ഷിക   ഉത്സവം ആയാണ്  വിഷുവിനെ കണക്കാക്കുന്നത് ..ഇന്ന് നമുക്ക് വിഷുവിനെ അങ്ങനെ കാണാൻ കഴിയുമോ എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ് ....നമ്മൾ കുറച്ചു കാലം പിന്നിലേക്ക്‌ സഞ്ചരിച്ചു നോക്കിയാൽ ഇന്ന് നമ്മൾ പേരിനു വേണ്ടി മാത്രം ആഘോഷിക്കുന്ന  പലതിന്റെയും നഷ്ടപെട്ട പൈതൃകവും സംസ്കാരവും കാണാം.

    അങ്ങനെ ഒരു പൈതൃകവും സംസ്കാരവും വിഷുവിനും ഉണ്ടായിരുന്നു ...പണ്ട് കാലങ്ങളിൽ ഒക്കെ വിഷു തലേന്ന് ഒട്ടുമിക്ക കൊന്നമരങ്ങളിലും കുട്ടികളുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു...വീട്ടിലേക്കു കൈനിറയെ കൊന്ന പൂവുമായി കയറിവരുന്ന കുട്ടിയെ സ്നേഹത്തോടെ ശ്വാസിച്ച അമ്മമാരിൽ ചിലര് എങ്കിലും ഇപ്പോഴും എവിടെയൊക്കെയോ ഉണ്ട് ...ഇന്ന് എത്ര വീടുകളിൽ ഉണ്ട് കൊന്ന മരം ...ഉണ്ടെങ്കിൽ തന്നെ എത്ര കുട്ടികൾ പോകുന്നുണ്ട് കണികൊന്ന പറിയ്ക്കാൻ ...ഇന്നത്തെ കുട്ടികൾ കമ്പ്യൂട്ടറിൽ കാർ റയ്സിനും ഫ്യ്റ്റിനും സമയം കിട്ടാതെ വിഷമിക്കുകയാണ് ....

   ഇനി കണി ഒരുക്കിയിരുന്ന വീട്ടമ്മമാരിലേക്ക് വരാം,ഒരു ഉണ്ണികണ്ണന്റെ  രൂപമോ ചിത്രമോ, അതിനു മുൻപിൽ ഒരു ഉരുളിയിൽ അരിയും ചില പച്ചകറികളും കൊന്നപൂവുമൊക്കെ വെച്ച് കത്തിച്ചു വെച്ച ഒരു നിലവിളക്കിന്റെ അകമ്പടിയോടെ ആണ് വിഷുകണി ഒരുക്കുന്നത് .അതിലെ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ ആ ഉരുളിയിൽ നമ്മൾ കൃഷി ചെയ്തു എടുത്ത ഏതെങ്കിലും ഒരു കാര്ഷിക ഉല്പ്പന്നം ഉണ്ടായിരിക്കണം എന്നത് അന്നത്തെ ആളുകള്ക്ക് നിർബന്ധമായിരുന്നു..വയലുകളും വിലകളും നിരത്തി ഫ്ളാറ്റുകൾ പണിയുന്ന ഈ കാലഘട്ടത്തിൽ എവിടെയാണ് കൃഷി.അന്യനാട്ടിൽ നിന്നും പച്ചകറി വണ്ടി വരുന്നതും കാത്തുള്ള ഇരിപ്പ് നമുക്ക് ശീലമായി കഴിഞ്ഞിരിക്കുന്നു...

  ഇനി വിഷു സദ്യ...സ്വന്തം അധ്വാനം കൊണ്ട് വിളയിച്ചെടുത്ത പുത്തരിയുടെ ചോറിൽ വിഷു സദ്യ ഉണ്ട ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു,അവനവന്റെ അന്നത്തിനു വേണ്ടിയുള്ളത് ഒക്കെ കൃഷി ചെയ്തു ഉണ്ടാക്കിയിരുന്നവര്ക്ക് ആരോഗ്യം ഉണ്ടായിരുന്നു ...അന്ന് ഫിട്നെസ്സ് സെന്റെരുകളും  ജിമ്മും ഒന്നും ഇല്ലായിരുന്നു..ഇന്ന് നമ്മൾ കഴിക്കുന്നതിൽ പകുതിയിലേറെയും വിഷമാണ് ..പിന്നെ വിഷു സദ്യയാലും ഓണസദ്യ ആയാലും ഇൻസ്റ്റന്റ് ആയി നല്കാൻ ആളുകൾ മത്സരമാണ്‌ ഇവിടെ...അന്ന് വിഷു കുടുംബങ്ങളുടെ ഒത്തുചേരലുകൾ ആയിരുന്നു ...ഇന്ന് എത്രകുടുംബങ്ങളിൽ ഉണ്ട് ഈ ഒത്തു ചേരൽ ...

  ഇനി വിഷു കൈനീട്ടം ...കാരണവന്മാർ കുട്ടികള്ക്ക് നല്കുന്ന പണം എന്നതിലുപരി അത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപെടുന്ന ഒരു ദാനശീലം കൂടി ആണ് ...പടക്കങ്ങളുടെ ഒച്ചയും പൂത്തിരികളുടെ വെട്ടവും ഒക്കെയായി ഒരു വിഷു അവസാനിക്കുമ്പോൾ അന്ന് തന്നെ തുടങ്ങിയിട്ടുണ്ടാകും പലരും അടുത്ത വിഷുവിനായുള്ള കാത്തിരിപ്പു ....ഇതൊക്കെ വെറും ശീലങ്ങൾ മാത്രം അല്ല ..

   ഇന്നിന്റെ കാലത്തേ പഴിച്ചുകൊണ്ട് ഒരു ഭൂതകാലത്തെ വാഴ്തുകയല്ല...ഇന്ന് നമ്മള്ക്ക് ഇങ്ങനെ ഒക്കെ ആകാൻ കഴിയുന്നുള്ളൂ എന്നത് സത്യമാണ് ..പക്ഷെ നമ്മൾ മനസ്സ് വെച്ചാൽ ആ സുവർണകാലം നമുക്ക് തിരിച്ചുപിടിക്കാം ...അടുത്ത വിഷുവിനു നിങ്ങൾ അധ്വാനിച്ചു കൃഷി ചെയ്ത ഏതെങ്കിലും ഒരു കാര്ഷിക ഉല്പ്പന്നം കൂടി ഉരുളിയിൽ വെച്ചേ കണികാണു എന്നൊരു തീരുമാനം എടുക്കാം ..അതിനായി ഈ വിഷുദിനം തൊട്ടു തന്നെ പ്രവര്ത്തിച്ചു തുടങ്ങാം..അതിലൂടെ നമുക്ക് നഷ്ടപെട്ട പലതും നമുക്ക് തിരിച്ചുപിടിക്കാൻ കഴിയും ...

  എന്റെ എല്ലാ പ്രിയപെട്ടവര്ക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നല്ല ഒരു വിഷുകാലം ആശംസിക്കുന്നു........

Saturday, 5 April 2014

ചുവപ്പ്

ആദ്യമായി പ്രണയത്തിന്റെ ചുവന്ന റോസാപൂ നല്കിയതും
നെറുകയിൽ സിന്ദൂരത്തിന്റെ ചുവപ്പ് പടര്ത്തിയതും
കിടക്കയിൽ ചാരിത്രിയതിന്റെ ചുവപ്പ് കവർന്നതും
ഒരാൾ തന്നെ ആയിരുന്നു
അതായിരുന്നു അവളുടെ പ്രണയത്തിന്റെ ഉറപ്പ്
ഇന്ന് പല പ്രണയങ്ങൾക്കും ഇല്ലാതാകുന്നത്
ഈ ചുവപ്പിന്റെ ഉറപ്പാണ്‌ ...

Tuesday, 1 April 2014

ലഹരി

ചുണ്ടുകൾക്കിടയിൽ ഇരുന്നു
എനിക്കുവേണ്ടി കത്തിയമരുമ്പോഴും
എനിക്ക് നിന്നോട് വെറുപ്പില്ല
ചിരിച്ചു ചതിച്ചവരുടെയും
പറഞ്ഞു വഞ്ചിച്ചവരുടെയും ഇടയിൽ
എന്റെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും ഒപ്പം
കത്തിയമരുമ്പോഴും
നീ പറയാതെ പറയുന്നുണ്ട്
നീ വിഷമാണെന്നും
ആരോഗ്യത്തിനു ഹാനീകരമാനെന്നും
ഒരുപക്ഷെ ഈ സത്യസന്ധത
ആയിരിക്കും നിന്നെ
മറ്റുള്ളവരുടെ ലഹരിയാക്കിയത്.....